അവന്‍റെ സ്വപ്നം

അവന്‍റെ സ്വപ്നം

Spread the love

അവന്‍റെ സ്വപ്നം

അവന്‍റെ സ്വപ്നം അവനൊരു വിമര്‍ശകനോ നിരൂപകനോ അല്ലെങ്കില്‍ ഒരു ബുദ്ധിജീവിയോ അല്ല. പക്ഷെ അവനു സ്വയം വിമര്‍ശിക്കാന്‍ ഇതൊന്നും ആകേണ്ട ആവശ്യമില്ലല്ലോ. പകലന്തിയോളം തെരുവ് തെണ്ടി കിട്ടുന്നതു മുഴുവന്‍ തന്നെ ഇതിനായി ഉപയോഗിക്കുന്നവര്‍ക്ക് കൊടുത്ത് അരവയറുമായി ബോധം കെട്ടുറങ്ങുന്ന തെരുവിന്‍റെ മക്കള്‍ക്ക്‌ നാളയെക്കുറിച്ച്‌ ഒരു പ്രതീക്ഷയുമില്ല.

പക്ഷെ അവന്‍ അന്ന് രാത്രി ഉറങ്ങാന്‍ കിടന്നത് വളരെയേറെ പ്രതീക്ഷലുമായ് ആയിരുന്നു. പതിവുപോലെ അവന്‍റെ സ്വപ്നത്തില്‍ അവനു നടന്നു കയറുവാനുള്ള ചവിട്ടു പടികള്‍ അവനെ മാടി വിളിച്ചു. കയറുന്തോറും എണ്ണം കൂടിവരുന്ന ആ പടികളില്‍ അവന്‍ തളര്‍ന്നിരുന്നപ്പോള്‍ പ്രതീക്ഷകള്‍ വീണ്ടും കയറുവാന്‍ പ്രലോഭിപ്പിച്ചു. ഉയരങ്ങളില്‍ എത്തിച്ചേരുവാനുള്ള അവന്‍റെ ആഗ്രഹം അവന്‍റെ ക്ഷീണത്തെ ഇല്ലാതാക്കി.

ഓരോ പടി കയറുന്തോറും അവന്‍റെ മുന്നില്‍ ഈ ലോകത്തിന്‍റെ ആഡംബരങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. എങ്കിലും അവനെ നയിച്ച പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ മുന്നോട്ടു ആനയിച്ചുകൊണ്ടെയിരുന്നു. യാഥാര്‍ത്യവും സ്വപ്നവും തിരിച്ചറിയാതെ അവനാ പടികള്‍ ഓരോന്നായി ചവുട്ടിക്കയറി.

ഇടയ്ക്കു വച്ചു അവന്‍ തന്നെ അകര്‍ഷിച്ച പലതിലേക്കും തിരിഞ്ഞു നോക്കിയെങ്കിലും പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ തടഞ്ഞു, കാരണം അവനായി കാത്തുവച്ചിരുന്ന സൌഭാഗ്യങ്ങളിലേക്ക് എത്തുവാന്‍ അവനിനിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു. തന്നെപ്പോലെ കയറി തുടങ്ങിയവര്‍ പലരും വഴിയില്‍ തളര്‍ന്നു വീഴുന്നത് അവന്‍ കാണുന്നുണ്ടായിരുന്നു. പക്ഷെ തന്നെ നയിച്ച പ്രതീക്ഷയുടെ തണലില്‍ അവന്‍റെ ക്ഷീണമെല്ലാം വിട്ടുമാറി.

അങ്ങനെ പടികള്‍ കയറുന്നതിനിടയിലാണ് അവന്‍ അവളെ കണ്ടുമുട്ടിയത്‌. അവള്‍ എന്ന് പറഞ്ഞാല്‍ ഒരു മാലാഖക്കുട്ടി. അവള്‍ കരയുകയായിരുന്നു, അവനെപ്പോലെ അവളും തന്‍റെ ലക്ഷ്യസ്ഥാനം തേടിയിറങ്ങിയതാണ്. ഒടുവില്‍ വഴിതെറ്റി ആരുമില്ലാതെ, എങ്ങോട്ട് പോകണമെന്നറിയാതെ അവള്‍ കരയുന്നു. കരഞ്ഞു തളര്‍ന്ന അവളുടെ കണ്ണുകള്‍ ആ സൌന്ദര്യത്തിന്‍റെ മാറ്റ് കൂട്ടിയതായി അവന് തോന്നി. അതവനില്‍ അനുരാഗത്തിന്‍റെ വിത്ത് പാകി. പക്ഷെ അവന്‍റെ പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ തടഞ്ഞു.

എങ്കിലും തന്‍റെ ദ്രിഷ്ട്ടിയില്‍ പതിഞ്ഞ ആ പ്രണയത്തെ വിട്ടുപോകാന്‍ അവനു മനസുവന്നില്ല. തന്‍റെ പ്രതീക്ഷകളുടെ വിലക്ക് മറികടന്നു അവന്‍ അവളുമായി താഴേക്കിറങ്ങി. കേറിയ പടികള്‍ ഇറങ്ങുന്തോറും അവളുടെ മുഖം സന്തോഷത്താല്‍ നിറയുന്നത് അവന്‍ ശ്രദ്ധിച്ചു. അപ്പോള്‍ അവന്‍ തന്‍റെ അനുരാഗം അവളോട്‌ തുറന്ന് പറഞ്ഞു. ക്ഷണികവും കൃത്രിമവും ആയ എതിര്‍പ്പുകല്‍ക്കൊടുവില്‍ അവള്‍ അവനു തന്‍റെ ആദ്യ പ്രണയ ചുംബനം കൈമാറി.

പക്ഷെ ആ സന്തോഷത്തിനു വിരാമമിട്ടുകൊണ്ട് അവളുടെ ലക്ഷ്യസ്ഥാനത് അവരെത്തിചെര്‍ന്നു. തന്‍റെ ജീവിതം തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ അവനു തന്‍റെ അവസാന ചുംബനവും നല്‍കി പറന്നു പോയി. അവള്‍ക്കിപ്പോള്‍ തന്‍റെ ജീവിതം തിരിച്ചുകിട്ടി. എങ്കിലും അവന്‍ തന്‍റെ യാത്ര തുടരുവാന്‍ നോക്കി. അപ്പോള്‍ മാത്രമാണവന്‍ ഒരിക്കല്‍ തിരിച്ചിറങ്ങിയ പടികള്‍ വീണ്ടും കയറുവാന്‍ സാധിക്കുകയില്ല എന്ന സത്യം തിരിച്ചറിഞ്ഞത്.

അവന്‍ ദൂരേക്ക്‌ നോക്കി. അതാ അങ്ങുദൂരെ തനിക്കെത്തിചെരേണ്ട അവസാന പടിയുടെ തൊട്ടുതാഴെ തന്‍റെ പ്രതീക്ഷയുടെ കാവല്‍ക്കാരി നിക്കുന്നു. ഒരു പടിയുടെ താഴെവച്ച് അവള്‍ക്കുവേണ്ടി താന്‍ എറിഞ്ഞുടച്ചത്‌ തന്‍റെ ജീവിതവും പ്രതീക്ഷകളുമാനെന്നു അവന്‍ അപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. അത് കാണാനാവാതെ അവന്‍ തന്‍റെ കണ്ണുകള്‍ ഇറുക്കിയടച്ചു. അപ്പോളേക്കും യാധര്ത്യതിലും സ്വപ്നത്തിലും അവന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞ് കഴിഞ്ഞിരുന്നു.

അപ്പോളും അവന്‍ അവളെ വെറുത്തിരുന്നില്ല…!!


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments