എന്‍റെ പ്രണയം

എന്‍റെ പ്രണയം

Spread the love

എന്‍റെ പ്രണയം

എന്‍റെ പ്രണയംവമ്പറിലെ ഒരു സായാഹ്നത്തിലാണ് നിന്നെ ഞാനാദ്യമായി കാണുന്നത്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഒരിളം കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങിയ ചാറ്റല്‍ മഴയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ച നിന്നെ ശല്യപ്പെടുത്തിക്കൊണ്ട് പാറി പറന്ന നിന്‍റെ മുടിയാണ് ആദ്യമെന്‍റെ കണ്ണില്‍ പെട്ടത്. പിന്നീട് ആ മുടിയുടെ ഉടമയെ തേടിയെത്തിയ എന്‍റെ നോട്ടം നിന്‍റെ വിഷാദം നിറഞ്ഞ കണ്ണുകളിലെത്തി നിന്നു. ബാംഗ്ലൂര്‍ സിറ്റിയിലെ ഒരു ഉദ്യാനത്തിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പില്‍ നിന്നുകൊണ്ട് നിന്‍റെ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു.

ഒരുപക്ഷെ അന്ന് നിന്‍റെ കണ്ണുകള്‍ ഒരു നിമിഷം എന്‍റെ മുഖത്തേക്ക് തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്നിതെഴുതാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകില്ലാരുന്നു. കാരണം മരണത്തെ മാത്രം പ്രണയിച്ചിരുന്ന എന്‍റെ മനസ്സില്‍ നീയൊരു കുളിര്‍മഴയായി പെയ്തില്ലായിരുന്നുവെങ്കില്‍ ഞാനെന്നേ ആറടി മണ്ണില്‍ നിദ്രയില്‍ ലയിച്ചേനെ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് വഴുതിമാറിയ എനിക്ക് പ്രണയം എന്ന വാക്കിന്‍റെ സുഖവും, വേദനയും പഠിപ്പിച്ച് തന്നത് നീയാണ്.

നീയെനിക്ക് ആരായിരുന്നു എന്ന ചോദ്യത്തിന് ഞാന്‍ കണ്ടെത്തിയ ഉത്തരം, നീയെനിക്കൊരു കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു. എപ്പോളും എന്‍റെ വിരലില്‍ തൂങ്ങി വാ തോരാതെ വര്‍ത്താനം പറഞ്ഞോണ്ട് നടക്കുന്ന നിന്‍റെ മുഖം ഒരു കൊച്ചു കുട്ടിയുടെതുപോലെ ഓമനത്തം നിറഞ്ഞതായിരുന്നു. ഏകാന്തമായ വഴികളിക്കൂടി നിന്നോട് ചേര്‍ന്ന് നടക്കുമ്പോള്‍ എനിക്കിഷ്ട്ടം വിഷാദം നിറഞ്ഞ നിന്‍റെ കണ്ണുകള്‍ പറയുന്ന കഥകള്‍ കേള്‍ക്കാനായിരുന്നു. അപ്പോളൊക്കെ നീയറിയാതെ ഞാന്‍ നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ ഒരിക്കല്‍ യാധ്യാര്‍ത്യമാകുമെന്നു വിചാരിച്ച എനിക്ക് തെറ്റിയെന്നു തിരിച്ചറിഞ്ഞപ്പോലെക്കും ഏറെ വൈകിപ്പോയിരുന്നു.

ഒരു കൊച്ചുകുട്ടിയെപ്പോലെ മാത്രം എന്നോട് സംസാരിച്ചിരുന്ന നീ അന്ന് വളരെ പക്വതയോടെ സംസാരിക്കുന്നതായി തോന്നി. അന്ന് നിന്‍റെ കണ്ണുകളില്‍ വിഷാദത്തിന് പകരം ഞാന്‍ കണ്ടത് പുച്ഛമായിരുന്നു, എന്‍റെ ജീവനെക്കാളെറെ നിന്നെ സ്നേഹിച്ച എന്‍റെ പ്രണയത്തോടുള്ള പുച്ഛം. എന്‍റെ പ്രണയം നിനക്കൊരു ബാധ്യതയാണെന്നു പറഞ്ഞ നിമിഷം എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറിയിരുന്നു. ആ ഇരുട്ടറകളുടെ കോണുകളിലെവിടെയൊ പണ്ട് ഞാനുപേക്ഷിച്ച മരണം എന്ന എന്‍റെ പ്രണയിനിയെ ഞാന്‍ വീണ്ടും കണ്ടു.

ഇന്ന് നീയെവിടെയെന്നുപോലും എനിക്കറിയില്ല പക്ഷെ ഒരിക്കല്‍ എന്‍റെ മനസ്സില്‍ ചാറ്റല്‍ മഴയായ് പെയ്തിറങ്ങിയ നിന്നെ തേടി മഴ പെയ്യുന്ന എല്ലാ രാവുകളിലും ഡയറി താളുകളില്‍ കോറിയിട്ട എന്‍റെ ഹൃദയവുമായി ഞാന്‍ കാത്തിരിക്കാറുണ്ട്, മഴയെ പ്രണയിക്കുന്ന നിലാവായി.


Spread the love

Similar Posts

0 0 votes
Article Rating
0 Comments
Inline Feedbacks
View all comments