ഭ്രാന്തി
ഭ്രാന്തി
നിർവികാരമായ മിഴികളിൽ നോവിന്റെ
കൺമഷി പുരട്ടിയവൾ അലയവേ
പാതിരാ തെരുവിലവൾ അവൾക്കായൊരു
കുഞ്ഞു തുണ്ട് കടലാസ് തിരയവേ
പകലിന്റെ ചൂടിലവൾ നിന്റെ നിറമാർന്ന
മേനിയിൽ ഭ്രമിക്കാതെ ചിരിക്കവേ
ഭ്രാന്തിയെന്നു വിളിച്ചവനെ കൈകാട്ടി വിളിച്ച-
വൾ തന്റെ പിച്ചപ്പാത്രമാവനായി നീട്ടവേ
പേ പിടിച്ചൊരു നായ പോലുമവളെ തിരിഞ്ഞു
നോക്കുവാൻ അറച്ചു നിന്നെങ്കിലും
പേ പിടിക്കാത്ത നമ്മിലെ പകൽമാന്യൻ
ഇരുളിലവളെ പച്ചക്ക് പിച്ചി ചീന്തവേ
തെരുവിന്റെ നടുവിലായി നീ വെച്ച നിന്റെ
ദൈവങ്ങളെന്തേ കണ്ണ് പൊത്താതെ നോക്കി
നിന്നവളെ വീണ്ടും വീണ്ടും ഭ്രാന്തിയെന്നു –
റക്കെ അലറിവിളിച്ച് രസിച്ചത്….?