മഴ
മഴ
കരിനീല വാർമുകിൽ കൊണ്ട്
അഞ്ജനമെഴുതിയവൾ
ഇളം കാറ്റിനാൽ കാർക്കൂന്തൽ
വകഞ്ഞൊതുക്കിയവൾ
പുതുമണ്ണിനെ പുൽകുവാൻ മെല്ലെ
ചാറി തുടങ്ങിയവൾ
വരണ്ട വേനലിന്റെ വിയർപ്പു ചാലായി
ഉരുകിയൊലിച്ചവൾ
നനയാൻ മടിച്ച ചേമ്പിലയെ മൗനിയായി
ഇറുകെ പുണർന്നവൾ
വാകച്ചോട്ടിൽ പൂത്ത പ്രണയ നാമ്പുകളെ
ആർദ്രരാക്കിയവൾ
ഉണങ്ങിക്കീറിയ മേടകളിൽ ചളുങ്ങിയ
വറ്റാ കുടങ്ങൾ തീർത്തവൾ
മൗനം മൂടിയ കടത്തിണ്ണകളിൽ തെരുവിന്റെ
പട്ടിണിക്കോലങ്ങൾ നിറച്ചവൾ
കുളിക്കടവിൽ അമ്മയുടെ മാറിൽ മയങ്ങിയവളെ
അടർത്തുവാൻ പ്രളയം മെനഞ്ഞവൾ
നിന്നെ ഞാനെന്തു വിളിപ്പൂ, മഴയെന്നോ,
പ്രണയമെന്നോ, ദുരിതമെന്നോ
അതോ വശ്യമായി ചിരിച്ചു വഞ്ചിക്കുവാൻ
വെമ്പുന്ന നിശാ കാമുകിയെന്നോ…?